
ദോഹ: ഖത്തറിന് നേരെ ഇന്ന് (ജൂലയ് 17വെള്ളിയാഴ്ച )
പുലർച്ചെയുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. ആക്രമണത്തെ തുടർന്ന് രാജ്യത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കി. പുലർച്ചെയുണ്ടായ പ്രതിരോധ നടപടിക്കിടെ താഴെ വീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടി നിലവിൽ മികച്ച രീതിയിലുള്ള അടിയന്തര വൈദ്യസഹായം സ്വീകരിച്ചു വരികയാണ്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് ഘട്ടങ്ങളായാണ് ഖത്തർ സുരക്ഷാ മുന്നറിയിപ്പ് ലെവൽ ഉയർത്തിയത്. പുലർച്ചെ 3:30-നും തുടർന്ന് 5:45-നുമാണ് ആഭ്യന്തര മന്ത്രാലയം രണ്ട് പ്രത്യേക സുരക്ഷാ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വ്യോമാക്രമണങ്ങളെ തകർത്ത് പ്രതിരോധ മന്ത്രാലയം
രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണത്തെ സൈന്യം വിജയകരമായി തടഞ്ഞതായി ആദ്യ ജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർന്ന് രണ്ടാമത്തെ മുന്നറിയിപ്പിന് ശേഷം ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡിലിലൂടെ ഖത്തറിന് നേരെ വന്ന ഒന്നിലധികം വ്യോമാക്രമണ ശ്രമങ്ങളെയും സായുധ സേന തകർത്തതായി മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് പിന്നാലെ, സിവിൽ ഡിഫൻസ് വിഭാഗം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അടിയന്തര സുരക്ഷാ പ്രതിരോധ പദ്ധതികൾ സജീവമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ, ഊഹാപോഹങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











